ശങ്കരപുരി ശാഖകളുടെ ലഘു ചരിത്രം

തെക്കേടത്തു ലഖു കുടുംബ ചരിത്രം

കൊട്ടാരക്കര

Left Image
Center Image
Right Image

1125-ൽ പരിശുദ്ധ മാതാവിന്റെ നാമത്തിൽ കുടമാളൂർ പള്ളി സ്ഥാപിച്ചപ്പോൾ കുടമാളൂരും ചുറ്റുവട്ടത്തും ക്രൈസ്‌തവർ ഇല്ലാതിരുന്നതിനാൽ പുളിക്കൽ നമ്രാട്ട് കുറവിങ്ങാടുനിന്നും മറ്റും തെക്കേടം, വടക്കേടം, ചക്കുങ്കൻ, മുക്കുങ്കൻ മുതലായ കുടുംബങ്ങളിൽ നിന്നും അംഗങ്ങളെ പള്ളിക്ക് സമീപം വസിപ്പിച്ചു. അങ്ങനെ കുറവിലങ്ങാട് തെക്കേടത്തിൻ്റെ ഒരു ശാഖ കുടമാളൂരെത്തി. അവിടെ നിന്നും 1300 കാലഘട്ടത്തിൽ കുടമാളൂർ തെക്കേടത്തുനിന്നും പിരിഞ്ഞ് കൊട്ടാരക്കരയിൽ കുടിയേറി.

ഇളയടത്തു സ്വരൂപം (കൊട്ടാരക്കര) ഭരിച്ചിരുന്ന രാജാവ് തെക്കുംകൂർ രാജാവിനോട് ആയുധ സാമർത്ഥ്യവും, ബുദ്ധിശക്തിയും, കഴിവുമുള്ള ഒരാളെ വേണ മെന്നാവശ്യപ്പെട്ടു. അതനുസരിച്ച് തെക്കുംകൂർ രാജാവ് കുടമാളൂർ തെക്കേടത്ത് കുടുംബത്തിൽ നിന്നും സമർത്ഥനായ ഒരാളെ കൊട്ടാരക്കര തമ്പുരാന് വിട്ടു കൊടുത്തു. ടിയാൻ രാജാവിൻ്റെ പ്രഥമ ഉപദേഷ്ടാവും, മന്ത്രിയുമായിരുന്നു. കൊട്ടാരക്കര സങ്കേതത്തിൽ തന്നെ ഒരു വീടും അദ്ദേഹത്തിന് രാജാവ് പണിയിച്ചു കൊടുത്തു. അതാണ് കൊട്ടാരക്കര തെക്കേടത്തു കുടുംബം.

1964-ൽ എ. ശ്രീധരമേനോൻ എം.എ.എ.എം (ഹാർവേർഡ്) എഴുതിയ കേരളാ ഗസറ്റിലെ കൊല്ലം ജില്ലാ ചരിത്രത്തിലും (673-ാം പേജ് 21-ാം വരിയിൽ) 1982-ൽ എം. വിജയനുണ്ണി ഐഎഎസ് (ഡയറക്ടർ ഓഫ് സെൻസസ് ഓപ്പറേഷൻസ്, കേരളാ) എഴുതിയ ഡിസ്ട്രിക്ട് സെൻസസ് ഹാൻഡ് ബുക്ക് ക്വയിലോണിലും പേജ് നം. 19 (കൊട്ടാരക്കര താലൂക്ക്) ഇങ്ങനെ പറഞ്ഞിരിക്കുന്നു.

"Kottarakkara has an old temple, dedicated to the Lord Ganapathy and a church belonging to Mar Thomas and build by the Raja of Kottarakkara, for the Thekkedathu Christian family. This church is about seven hundred years old."

അങ്ങനെ കൊട്ടാരക്കരയിലെ ആദ്യ ക്രിസ്‌തീയ ദേവാലയം (യാക്കോബായ സുറിയാനി പള്ളി) സ്ഥാപിതമായി. 1836-ൽ ഈ ദേവാലയത്തിലെ വിശ്വാസികൾ രണ്ടായി പിരിയുകയും അതിൽ ഒരു വിഭാഗം തെക്കേടത്ത് കുടുംബാംഗങ്ങൾ പട്ടമല, കിഴക്കേത്തെരുവ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുമായി പരിവർത്തനം ചെയ്യപ്പെട്ടു. ഇപ്പോൾ പുതുക്കിപ്പണിത പള്ളിയിൽ പഴയ കല്ലുവിളക്കും പഴയ കൊത്തുപണി കളും കാണാം. പുരാതന പള്ളിയുടെ വളരെ അടുത്തായി ഒരു കുളം ഉണ്ടായി രുന്നു. അവിടെ ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ആരാധകർ കൈകളും മുഖവും കഴുകാറുണ്ടായിരുന്നു. നിലവിൽ ഈ കുളം ഒരു സ്വകാര്യ സ്വത്താണ്. കുളത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് യാക്കോബായ സന്യാസിയായ അഞ്ചലച്ചൻ (വൈദീകൻ)

തെക്കേടത്ത് വീട്ടിൽ താമസിച്ച് പഴയ യാക്കോബായ പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചിരുന്നു. പിൽക്കാലത്ത് 1922-ൽ തെക്കേടത്ത് പിതാക്കന്മാരിൽ ഒരാളായ റവ. ഫാ. സക്കറിയാസ് തെക്കേടത്ത് അച്ചൻ്റെ നേതൃത്വത്തിൽ കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബൻസിഗർ തിരുമേനിയെ സമീപിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. സക്കറിയാസ് അച്ചൻ്റെ വക സ്ഥലം കൊല്ലം രൂപതക്ക് വിട്ടുകൊടുക്കുകയും അവിടെ സെൻ്റ് മൈക്കിൾ ഫെറോനാ പള്ളിയുടെ ആദ്യ വികാരിയായി സേവനം അനുഷ്‌ഠിച്ചു. അദ്ദേഹത്തിൻ്റെ മൃതദേഹം പള്ളിയിൽ തന്നെ സംസ്ക്കരിച്ചു.

ഇതിൽ നിന്നും കൊട്ടാരക്കര തറവാടിന് 700-ൽ പരം വർഷം പഴക്കമുണ്ടെന്ന് അസന്ദിഗ്ദ്‌ധമായി പ്രസ്‌താവിക്കാം. താളിയോലയിലും മറ്റും എഴുതപ്പെട്ടിരുന്ന നിരവധി ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടു പോയത് ചരിത്രലഭ്യതകൾക്ക് തടസ്സമായി നിന്നു. ഇടക്കാലത്തെ ലഭ്യമായ അല്‌പം ചരിത്രത്തിൽ നിന്നും, ഈ കുടുംബക്കാർ സാമ്പത്തികമായി വളരെ ഉന്നത നിലയിലുള്ളവരായിരുന്നു എന്ന് കാണുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ആദ്യമായി കൊട്ടാരക്കരയിൽ ലഭിച്ചിരുന്നത് ഈ കുടുംബാംഗങ്ങൾക്കായിരുന്നു. കോട്ടയത്ത് പോയി ഇംഗ്ലീഷ് പഠിച്ചിരുന്നു എന്നും മനസ്സിലാക്കുന്നു. രാജാവ് കരമൊഴിവായി കൊടുത്തിരുന്ന വലുതായ ഭൂപ്രദേശം പിന്നീട് ചെറു തുണ്ടുകളായി വിഭജിക്കപ്പെട്ടുവന്നു. എങ്കിലും ഇന്നും സാമാന്യം ഭേദപ്പെട്ട ഭൂസ്വത്തിനുടമകളാണ് തെക്കേടത്തുകാർ. ഈശ്വര ഭക്തിയിൽ വളരെ മുമ്പന്മാരായ ഈ കുടുംബക്കാരിൽ മിക്കവാറും എല്ലാ തലമുറകളിലും വൈദീകർ ഉണ്ടായിരുന്നു എന്നതു പ്രസ്താവ്യമത്രേ.

ഉദ്ദേശം 100-നുമേൽ കുടുംബശാഖകൾ ഇന്നു കൊട്ടാരക്കര തെക്കേടത്തു കുടുംബത്തിലുണ്ട്. ഞങ്ങളുടെ പൂർവ്വീകരും ബന്ധുക്കളും കേരളത്തിലുടനീളം / ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്നു. ഉദ്യോഗാർത്ഥം, അമേരിക്ക, ഇംഗ്ലണ്ട്, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയി വിദേശങ്ങളിലും, വടക്കേ ഇൻഡ്യയുടെ പല ഭാഗത്തും ഈ ശാഖകൾ താമസമുറപ്പിച്ചിരുന്നു. തെക്കേടത്ത്, തെക്കേടത്ത് ആവിയോട്, തെക്കേടത്ത് പാറ്റൂർ എന്നീ പേരുകളിൽ ഈ കുടുംബക്കാർ അറിയപ്പെടുന്നു.