ശങ്കരപുരി തെക്കേടം പണിക്കരിടം ആർപ്പൂക്കര
കുടമാളൂർ
കുടമാളൂർ തെക്കേടം - ഉത്ഭവം
കുടമാളൂർ ശങ്കരപുരി തെക്കേടത്തു ശാഖയുടെ ഉത്ഭവം ചെമ്പകശ്ശേരിയുടെ നാട്ടുവാഴ്ചയുടെ തുടക്കവും തുടർന്നു സംഭവിച്ച കുടമാളൂർ പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു.
ചെമ്പകശ്ശേരിയുടെ നാട്ടുവാഴ്ചയുടെ തുടക്കം
ക്രി. വ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുറേ നായർഭടന്മാർ വടക്കെവിടെയോ ഉണ്ടായ യുദ്ധത്തിനൊടുവിൽ തെക്കോട്ടു പാലയനം ചെയ്തു ക്ഷീണിതരായി കുമാരനല്ലൂർ ക്ഷേത്രപ്പരിസരത്തു എത്തിച്ചേർന്നു. അക്കാലത്ത് തെക്കുംകൂർ രാജ്യത്തിലെ പ്രബലമായ ഒരു ക്ഷേത്ര സങ്കേതമായിരുന്നു കുമാരനല്ലൂർ. ക്ഷേത്രസങ്കേതത്തിലെ സകല അധികാരങ്ങളും നടത്തിവന്നിരുന്നതു ക്ഷേത്രാധികാരികളായ ഊരാണ്മക്കാരായിരുന്നു. വിശപ്പും ദാഹവും മൂലം വലഞ്ഞ അവർ ക്ഷേത്ര പരിസരത്തു കണ്ട നമ്പൂതിരിമാരോടു തങ്ങൾക്കു ഒരു നേരത്തെ ആഹാരം നൽകണമെന്നു അപേക്ഷിച്ചു. തത്സമയം ക്ഷേത്രപ്പരിസരത്തു നിന്നിരുന്ന പുളിക്കൽ ചെമ്പകശ്ശേരി ഇല്ലത്തെ ഉണ്ണിനമ്പൂതിരിയെ ചൂണ്ടിക്കാട്ടി ഉണ്ണിയാണു ക്ഷേത്രഭരണാധികാരിയെന്നും അദ്ദേഹത്തോടു ഭക്ഷണം ചോദിച്ചാൽ തരുമെന്നും ഭടന്മാരെ ധരിപ്പിച്ചു അവരെ ഉണ്ണിനമ്പൂതിരിയുടെ അടുത്തേക്കു അയച്ചു. ഉണ്ണിനമ്പൂതിരി ഊരാണ്മക്കാരിൽ ഒരുവനായിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം അത്യന്തം കഷ്ടപ്പാടിൽ കഴിഞ്ഞിരുന്ന ചെമ്പകശ്ശേരി ഇല്ലത്തേയും ഉണ്ണി നമ്പൂതിരിയേയും പരിഹസിക്കുന്നതിനു വേണ്ടിയായിരുന്നു ഊരാണ്മക്കാർ ഇങ്ങനെ പറഞ്ഞതു. അതു മനസ്സിലാക്കാതെ ഭടന്മാർ ഉണ്ണി നമ്പൂതിരിയുടെ അടുത്തെത്തി ഭക്ഷണം തരണമെന്ന് അപേക്ഷിക്കുകയും അദ്ദേഹം അവരെയും കൂട്ടി ഇല്ലത്തേക്കു പോവുകയും ചെയ്തു .
ഇല്ലത്തെത്തിയ ഉണ്ണിനമ്പൂതിരി അമ്മയോടു കാര്യങ്ങൾ പറഞ്ഞു. ദരിദ്രർ എങ്കിലും ദീനാനുകമ്പയുള്ളവരായ അമ്മയും മകനും വളരെ വിഷമിച്ചു. ഉണ്ണി നമ്പൂതിരി തന്റെ ആകെയുള്ള വിലപിടിപ്പുള്ള പുലിനഖമോതിരം വിൽക്കാമെന്നു അമ്മയോട് പറഞ്ഞു. ഒടുവിൽ അമ്മ ഉണ്ണിനമ്പൂതിരിയുടെ നിർദ്ദേശം അംഗീകരിച്ചു. ഉണ്ണിനമ്പൂതിരി താൻ അണിഞ്ഞിരുന്ന പുലിനഖമോതിരം ഊരി ഭടന്മാരെ ഏൽപ്പിച്ചിട്ടു ഇതു വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്താനായി പറഞ്ഞു. ഭടന്മാർക്ക് കാര്യങ്ങൾ മനസ്സിലാക്കുകയും മറ്റൊരു പോംവഴിയുമില്ലാത്തതിനാൽ ഉണ്ണിനമ്പൂതിരി നൽകിയ പുലിനഖമോതിരം വാങ്ങുകയും അതു വിറ്റു ഭക്ഷണം വാങ്ങി വിശപ്പും ക്ഷീണവുമകറ്റി. അതോടെ ഉണ്ണിനമ്പൂതിരിയോടും ഇല്ലത്തോടും ഭടന്മാർക്ക് എന്തെന്നില്ലാത്ത ബഹുമാനവും അനുകമ്പയും തോന്നി. തങ്ങളെ തെറ്റിദ്ധരിപ്പിച്ചു ബാലന്റെ അടുത്തേക്ക് പറഞ്ഞയച്ച കുബേരന്മാരായ ഊരാണ്മക്കാരോട് അവർക്കു പകയായി.
ചെമ്പകശ്ശേരി ഇല്ലത്ത ഉണ്ണിനമ്പൂതിരിയെ തങ്ങളുടെ പൊന്നുതമ്പുരാനായി സ്വീകരിച്ചു സേവിക്കുവാൻ ആ ഭടന്മാർ തയ്യാറായി. അതോടൊപ്പം തങ്ങളെ കബളിപ്പിച്ച ഊരാണ്മക്കാരെ ഒരു പാഠം പഠിപ്പിക്കുവാനും അവർ നിശ്ചയിച്ചു. അവരിൽ പലരുടെയും വീടു കൊള്ള ചെയ്തു കൊള്ളിവച്ചും മുതലെല്ലാം അപഹരിച്ചു ഭടന്മാർ ചെമ്പകശ്ശേരി നമ്പൂതിരിക്ക് കൊടുത്തു. രണശൂരന്മാരും സാഹസികന്മാരുമായിരുന്ന ആ ഭടന്മാരുടെ കയ്യേറ്റങ്ങൾ തടയുവാൻ ഊരാണ്മക്കാർക്ക് കഴിഞ്ഞില്ല. കൊള്ളക്കാരായ ഭടന്മാരെ ആ പ്രദേശത്തു നിന്നും തുരുത്തുവാൻ ക്ഷേത്രാധികാരികൾ രാജാവിനോട് അഭ്യർത്ഥിച്ചു. തങ്ങളെ സഹായിച്ച ചെമ്പകശ്ശേരി നമ്പൂതിരിക്ക് കുറെ സ്ഥലം ദാനം ചെയ്താൽ തങ്ങൾ പിന്നെ ശല്യം ഒന്നും ചെയ്യുകയില്ലെന്ന് ഭടന്മാർ രാജാവിനെ അറിയിച്ചു. ഒരാൾ ഒരു ദിവസം കൊണ്ടു കാടുവെട്ടി അതിരു തിരിച്ചെടുക്കുന്നത്ര ഭൂമി ചെമ്പകശ്ശേരിക്കു നൽകാമെന്നു തെക്കുംകൂർ രാജാവ് സമ്മതിച്ചു. അതനുസരിച്ചു പിറ്റേന്നു ഭടന്മാരിൽ ഒരുവൻ രാവിലെ മുതൽ വൈകുന്നേരം വരെ കാടുവെട്ടി അതിർത്തി തിരിച്ചു കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗം മുഴുവൻ സ്വാധീനമാക്കി. ഇത്ര വിസ്തൃതമായ ഒരു പ്രദേശം മുഴുവൻ കൈവശപ്പെടുത്തുമെന്നു രാജാവ് പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം വാക്കു പാലിക്കുകയും ആ പ്രദേശം ചെമ്പകശ്ശേരിക്കു വിട്ടുകൊടുക്കുകയും ചെയ്തു. കൊടുവാൾ കൊണ്ടു കാട് തെളിയിച്ചു അതിരിട്ട ഊരായതു കൊണ്ടു ഈ പ്രദേശത്തിന് കൊടുവാളൂർ എന്ന പേരുണ്ടായി. ഈ പേരിനു രൂപഭേദം സംഭവിച്ചാണു കുടമാളൂർ ആയതെന്നു കരുതപ്പെടുന്നു.
അന്നു കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ മണ്ണൂർ നമ്പൂതിരിയുടെ കുളത്തിൽ വലിച്ചെറിയപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. ഈ കുളം കുടുമാളൂർ പള്ളിയുടെ സിമിത്തേരിയുടെ വടക്കുവശത്ത് താഴെയായിരുന്നത്രേ.
കുടമാളൂർ പള്ളി സ്ഥാപനം
ഭടന്മാരോടു ചേർന്നു താൻ നാട്ടിലെ ദുഷ് പ്രഭുക്കന്മാരെ അമർച്ച ചെയ്യുവാൻ ചെയ്ത ക്രൂരതകളും അധർമ്മങ്ങളും നിമിത്തം ചെമ്പകശ്ശേരി രാജാവ് വളരെയധികം ദുഃഖ പീഡിതനായി. പലവിധത്തിലുള്ള ഉപദ്രവങ്ങൾ അദ്ദേഹത്തിനു നേരിട്ടതായും പറയപ്പെടുന്നു. അതിനൊക്കെ പരിഹാരമായി ജ്യോത്സ്യനിർദ്ദേശപ്രകാരം മണ്ണൂർകുളത്തിനു സമീപം ക്രിസ്ത്യാനികളുടെ ഒരു ദേവാലയം ഏ ഡി 1125 ൽ പണികഴിപ്പിച്ചു എന്നാണ് പാരമ്പര്യ വൃത്താന്തം.
ശങ്കരപുരി തെക്കേടത്തുകാർ കുടമാളൂരിൽ
പുരാതനമായ കുമാരനല്ലൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുമാരനല്ലൂരും പരിസരവും അന്നു നമ്പൂതിരിമാരും നായന്മാരും അധിവസിച്ചിരുന്ന പ്രദേശമായിരുന്നു. പള്ളി സ്ഥാപിച്ചെങ്കിലും ക്രൈസ്തവ വിശ്വാസികൾ ആ പ്രദേശത്ത് അന്നില്ലാതിരുന്നതിനാൽ തെക്കേടം, വടക്കേടം, ചക്കുങ്കൻ, മുക്കുങ്കൻ, കരിമ്പുമാലി കുടുംബങ്ങളെ കുറവിലങ്ങാട്, അരുവിത്തുറ എന്നീ സ്ഥലങ്ങളിൽ നിന്നും കുടുമാളൂരിൽ കൊണ്ടുവന്നു പാർപ്പിക്കുകയുണ്ടായി. അങ്ങനെയാണ് ശങ്കരപുരി കുടുംബക്കാർ കുടമാളൂരു എത്തിയതു. കടപ്പാട്.
1. ചങ്ങനാശ്ശേരി അതിരൂപത ഇന്നലെ ഇന്ന് വാല്യം II, പേജ് 218 - 220. Publshed by St Joseph's Orphanage Bookstall
2. ചരിത്രം ഉറങ്ങുന്ന കുടമാളൂർ പള്ളി. By മാണി ജോസഫ് അറേക്കാട്ടിൽ
3. ശങ്കരപുരി (തെക്കേടത്തു) കുടുംബ ചരിത്ര ഡയറക്ടറി. Published in 1987.
കുടമാളൂർ തെക്കേടത്തു കുടുംബത്തിന്റെ വ്യാപനവും ശാഖാപിരിയലും
കുടമാളൂർ വസിച്ച നമ്മുടെ പൂർവികർ പ്രധാനമായും കൃഷിയിലും കച്ചവടത്തിലും വ്യാപൃതരായിരുന്നതു. അന്നു ചെമ്പകശ്ശേരി രാജാവ് കരമൊഴിവായി സ്ഥലം കൊടുത്തിരുന്നു എന്നാണ് വായ് മൊഴി ചരിത്രം. പതിമൂന്നാം നൂറ്റാണ്ടിൽ തെക്കേടത്തു നിന്നും ചില അംഗങ്ങൾ കൊട്ടാരക്കരയിലെ ഇളയിടത്തു സ്വരൂപത്തിലെ രാജാവിന്റെ ക്ഷണപ്രകാരം കൊട്ടാരക്കരയിലേക്ക് കുടിയേറി.
1981 കേരള സർക്കാർ പ്രസിദ്ധീകരിച്ച District Census Handbook Quilon എന്ന പ്രസിദ്ധീകരണത്തിൽ 700 വർഷം മുമ്പ് തെക്കേടത്ത് ക്രിസ്ത്യാനി കുടുംബത്തിനു വേണ്ടി കൊട്ടാരക്കര രാജാവ് ഒരു പള്ളി നിർമ്മിച്ചു നൽകി എന്നെഴുതിയിരിക്കുന്നു (പേജ് 20) . കൊട്ടാരക്കര തെക്കേടത്ത് കുടുംബ ചരിത്രത്തിലും ഇക്കാര്യം ചേർത്തിട്ടുണ്ടു.
യുദ്ധങ്ങൾ, പ്രളയങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, നാട്ടുരാജ്യങ്ങളുടെ രൂപീകരണം, പള്ളികളുടെ സ്ഥാപനം, ഭൗമതലത്തിൽ വന്ന മാറ്റങ്ങൾ, വിശ്വാസത്തിലെ വിഭാഗീയത, പുതിയ ദ്വീപുകളുടെ രൂപപ്പെടൽ, സ്ഥാപനങ്ങളുടെ വരവ് ഒക്കെ കുടിയേറ്റങ്ങൾക്ക് കാരണമായി ഭവിക്കും. ശങ്കരപുരി തെക്കേടത്ത് കുടുംബത്തിലും പലകാലഘട്ടങ്ങളിലായി അങ്ങനെയുള്ള കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ടു. (അടുത്ത കാലത്ത് കോട്ടയം മെഡിക്കൽ കോളേജ് ആർപ്പുക്കരയിൽ സ്ഥാപിക്കപ്പെട്ടപ്പോൾ നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ ഇവിടം വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.)
1341 ലെ പ്രളയവും പേമാരിയും തെക്കുംകൂർ, വടക്കുംകൂർ, പൂഞ്ഞാർ, പെരുമ്പടുപ്പ് സ്വരൂപം, മുതലായ നാട്ടുരാജ്യങ്ങളിൽ വലിയ നഷ്ടങ്ങളും ഉണ്ടാക്കി പ്രകൃതിയിലും പല മാറ്റങ്ങളും ഉണ്ടാക്കി. അനന്തരഫലമായി മുസിരിസ് എന്നു വിദേശികൾ വിളിച്ചിരുന്ന കൊടുങ്ങല്ലൂർ തുറമുഖം ചെളി നിറഞ്ഞു ഉപയോഗശൂന്യമായി. പെരിയാറിനു കൈവഴി ഉണ്ടായി വേമ്പനാട്ടു കായലിൽ പതിച്ചു കൊച്ചഴിക്കു ആഴം കൂടി. കൊച്ചി തുറമുഖത്തിനു തുടക്കം കുറിച്ചു. വേമ്പനാട്ടു കായലിൽ എക്കൽ അടിഞ്ഞു വൈപ്പിൻ ദ്വീപ് രൂപപ്പെട്ടതു പോലെ, പുളിങ്കുന്നും, എടത്വയും, കൈനകരിയും, കുമരകവും ഒക്കെ രൂപപ്പെട്ടു. കായലിന്റെ ആഴം പലയിടത്തും കുറഞ്ഞു. ഈ പ്രദേശങ്ങൾ ജനവാസത്തിനും കൃഷിക്കും അനുയോജ്യമായി. കായലിന്റെ പല ഭാഗങ്ങളിലും ആഴം കുറഞ്ഞു. കായലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ചേറു കുത്തി വരമ്പു പിടിച്ചു നെൽക്കൃഷി ചെയ്യുവാൻ സാധ്യമായി. നദികൾക്കും പുഴകൾക്കും ഉണ്ടായി മാറ്റങ്ങൾ. ചില കൈവഴികൾ അടഞ്ഞു. പുതിയ കൈവഴികൾ തുറന്നു. പല ഭാഗങ്ങളിലും മരങ്ങളും എക്കലും അടിഞ്ഞു വീതി കുറയുകയോ ഇടത്തോട്ടോ വലത്തോട്ടോ മാറി ഒഴുകുകയോ ചെയ്തു. മലനാട്ടിലും മാറ്റങ്ങൾ ഉണ്ടായി. മണ്ണിടിച്ചിൽ മൂലം മലകളുടെ ചെരുവുകൾ കുറഞ്ഞു. മലയിടുക്കുകൾ മണ്ണിടിച്ചിലിൽ നികന്നു നിരപ്പായി. ഭൗമ പ്രതലത്തിൽ വന്ന മാറ്റങ്ങൾ ജനജീവിതത്തിലും മാറ്റങ്ങൾ കൊണ്ടു വന്നു.
ക്രൈസ്തവരിൽ കൂടുതൽ പേർക്കും കൃഷിയായിരുന്നല്ലോ ഉപജീവനമാർഗം. ഭൗമ പ്രതലത്തിൽ ഉണ്ടായ മാറ്റങ്ങൾ കൃഷിവ്യാപനത്തിനു സഹായകമായി. പതിനഞ്ചാം നൂറ്റാണ്ടിൽ പുതിയ കൃഷിയിടങ്ങൾ തേടി ശങ്കരപുരിക്കാരും പലയിടങ്ങളിലേക്കും കുടിയേറി. അങ്ങനെ ശങ്കരപുരിക്കാർ ഞാറക്കലിലും കരിമണ്ണൂരും എത്തി. ഇതോടൊപ്പം തെക്കുംകൂറുമായിട്ടുള്ള സന്ധി പ്രകാരം ചെമ്പകശ്ശേരിക്കാർ 1450 ഏ ഡി യോടെ പുറക്കാട്ട് രാജ്യം സ്ഥാപിച്ചു. അങ്ങനെ ശങ്കരപുരിക്കാർ കുട്ടനാട്ടിലെ പുളിങ്കുന്നിലും, ചമ്പകുളത്തും, എടത്വയിലും മറ്റും എത്തി. ആരൊക്കെ കുടമാളൂർ തെക്കേടത്തു നിന്നും കുട്ടനാട്ടിലേക്കു പോയിട്ടുണ്ടായിരുന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നു. പുളിങ്കുന്നിലെ തെക്കേടത്ത് സ്രാമ്പിക്കൽക്കാര് കുടമാളൂർ തെക്കേടത്തുനിന്നും പിരിഞ്ഞു പോയിട്ടുള്ളതാണ്. എടുത്വായിലേക്കും പോയിട്ടുണ്ടെന്നാണ് 1987 ൽ പ്രസിദ്ധീകരിച്ച ശങ്കരപുരി തെക്കേടത്ത് കുടുംബ ചരിത്ര ഡയറക്ടറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെമ്പകശ്ശേരിക്കാർക്ക് കുടമാളൂരു തെക്കേടവുമായി സമ്പർക്കമുണ്ടായിരുന്നതുകൊണ്ടു കുട്ടനാട്ടിലേക്കുള്ള അവരുടെ കുടിയേറ്റത്തിനു സാധ്യത വളരെ ഏറെയായിരുന്നു.
പാല്യക്കുന്നു അങ്ങാടി
പോർട്ടുഗീസ്സുക്കാരുടെയും ഡച്ചുകാരുടെയും വരവോടെ മലഞ്ചരക്കു വ്യാപാരത്തിനായി ഉൾനാടുകളിൽ പലയിടത്തും അങ്ങാടികൾ തുടങ്ങി. 1550 ഓടെ കവണാറിനു (മീനച്ചിലറിന് ) വടക്കു വശത്തുള്ള ആർപ്പൂക്കര പ്രദേശത്തും പാല്യക്കുന്നു അങ്ങാടി സ്ഥാപിക്കപ്പെടുകയും തെക്കേടത്തു കുടുംബത്തിൽ നിന്നും ചിലർ അങ്ങാടി പ്രദേശത്തേക്ക് മാറി താമസിക്കുകയും മലഞ്ചരക്ക് വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്തു. കുടമാളൂർ പള്ളി കവണാറിനു തെക്കുവശത്താണ് സ്ഥിതി ചെയ്യുന്നത്. 1341 ലെ പ്രളയത്തിനു ശേഷം കവണാറിന്റെ വീതി കുറഞ്ഞതും ആറിന് വടക്കുവശത്തേക്കുള്ള ജനത്തിന്റെ വ്യാപനത്തിനു സഹായകരമായി. അങ്ങാടി ഒരു ക്രൈസ്തവ കേന്ദ്രമായിത്തീർന്നെങ്കിലും അവർക്കുള്ള ദേവാലയം കുടമാളൂരിൽ തന്നെയായിരുന്നുകൊണ്ടു നദി കടന്നു ദേവാലയ കർമ്മങ്ങളിൽ സംബന്ധിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതിനു പരിഹാരമായി പാല്യ ക്കുന്നു അങ്ങാടിയിൽ ഏ ഡി 1600 നോടു അടുത്തു ഒരു കുരിശുപള്ളി സ്ഥാപിതമായി.
തെക്കേടത്തു കോരപ്പണിക്കർ
തെക്കേടത്ത് പോത്തൻ മാപ്പിളയുടെ മകനായി കോര 1750 നോട് അടുപ്പിച്ചു ഭൂജാതനായി. മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കുംകൂർ രാജ്യം പിടിച്ചെടുത്ത കാല ഘട്ടത്തിലായിരുന്നു ആയിരുന്നു കോരയുടെ ബാല്യം. 1758 ൽ മാർത്താണ്ഡവർമ്മ തീപ്പെടുകയും പ്രജാവത്സലനായ, ധർമ്മ രാജാവ് എന്നു കീർത്തികേട്ട കാർത്തിക തിരുനാൾ രാമ വർമ്മ രാജാവായി അധികാരമേറ്റു. ബാല്യത്തിലെ സംഗീത സാഹിത്യാദി കലകളിൽ തല്പരനായിരുന്ന കോര തമിഴകത്ത് പോയി വാദ്യോപകരണങ്ങളിൽ പ്രാവിണ്യം നേടിയിട്ടുണ്ടായിരുന്നു. നാദസ്വര വായനയിൽ അദ്ദേഹത്തിന്റെ നൈപുണ്യം പ്രസിദ്ധമായിരുന്നു. അക്കാലത്ത് മദ്ധ്യ തിരുവിതാം കൂറിൽ പ്രസിദ്ധനായിരുന്ന കോര നാടിന്റെയും സഭയുടെയും അഭിവൃത്തിക്കായി പ്രവർത്തിച്ചുവന്നു. അന്നു വ്യാപാര പ്രമുഖനായിരുന്ന തച്ചിൽ മാത്തൂ തരകൻ നാദസ്വര വിദഗ്ദനായിരുന്ന തെക്കേടത്തു കോരയുമായി സൗഹൃദം പുലർത്തിയിരുന്നു. കോരയുടെ സഹോദരൻ കുര്യേപ്പ് വ്യാപാരപ്രിയനും സാഹസികനുമായിരുന്നു. പാലാ, ചേർപ്പുങ്കൽ, കുടമാളൂർ, താഴത്തങ്ങാടി, ആലപ്പുഴ മുതലായ വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രികരിച്ചു മലഞ്ചരക്ക് വ്യാപാരമായിരുന്നു അനുജൻ കുര്യേപ്പിന്റെതു.
അങ്ങനെയിരിക്കെ കുര്യേപ്പിനു വ്യാപാരത്തിൽ രാജഭോഗം കൊടുക്കുവാൻ വീഴ്ചവരുത്തിയെന്ന ആരോപണം നേരിടേണ്ടി വന്നു. സഹോദരനെ രാജകോപത്തിൽ നിന്നും രക്ഷിക്കുവാൻ കോര തന്റെ സുഹൃത്തായിരുന്ന തച്ചിൽ മാത്തുത്തരകന്റെ സഹായം തേടി . മാത്തൂത്തരകൻ കോരയെ വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്ന രാജാ കേശവദാസിന്റെ മുന്നിൽ ആനയിച്ചു. സംഗതിയുടെ നിജസ്ഥിതി ഗ്രഹിച്ച ദിവാൻജി, കോരയെ ധർമ്മരാജാവിന്റെ മുന്നിൽ ഹാജരാക്കി. കോര മഹാരാജാവിനെ സ്തുതിച്ചുകൊണ്ടു ഒരു മംഗള ശ്ലോകം ചൊല്ലി. മഹാരാജാവ് അതി സന്തുഷ്ടനായി. തുടർന്നുള്ള സംഭാഷണത്തിലും കോരയുടെ മറ്റു സിദ്ധികളിലും രാജാവു സന്തുഷ്ടനായി. സംപ്രീതനായ രാജാവിനോടു കോര തന്റെ സഹോദരന്റെ നിരപരാധിത്വം അറിയിക്കുകയും ചെയ്തു. കുര്യേപ്പിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ധർമ്മരാജാവു കോരയുടെ സഹോദരന്റെ മേൽ ചുമത്തിയിരുന്ന കുറ്റാരോപണത്തിൽ നിന്നും കുര്യേപ്പിനെ വിമുക്തനാക്കുകയും കോരയ്ക്കു പണിക്കർ സ്ഥാനവും വിരാളിപ്പട്ടും വീര ശൃംഖലയും കൽപ്പിച്ചു സമ്മാനിക്കുകയും ചെയ്തു. അന്നുമുതൽ തെക്കേടത്ത് കോര നാട്ടിൽ കോരപ്പണിക്കർ ആയി അറിയപ്പെടുവാൻ തുടങ്ങി. കോരപ്പണിക്കർ വസിച്ച സ്ഥലം പണിക്കരിടവുമായി.
ആർപ്പുക്കര അങ്ങാടി പള്ളിയുടെ മുന്നിലുള്ള അങ്ങാടിയുടെ ഇടതുവശത്തായിരുന്നു കോരപ്പണിക്കർ വസിച്ചിരുന്ന ഗൃഹം. കോരപണിക്കരുടെ അനന്തര തലമുറയിൽ പെട്ടവർ കുറച്ചുപേർ ഒഴികെ ഇപ്പോഴും ആ പ്രദേശങ്ങളിൽ വസിക്കുന്നു. 1830 കളിൽ മാന്നാനം ആശ്രമത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ അനുവാദം കിട്ടുവാനായി പോരുക്കര അച്ചന്റെ സഹായിയായിരുന്ന ബ്രദർ യാക്കോബ് കണിയാന്തറ നാട്ടുപ്രമാണിയായിരുന്ന തെക്കേടത്ത് കോരപ്പണിക്കരെ പോയി കാണുകയും അദ്ദേഹം വാർദ്ധക്യസഹജമായ പരിമിതികൾ മൂലം ആ ചുമതല തന്റെ മകനായ ഇട്ടി ച്ചെറിയായെ ഏൽപ്പിക്കുകയും അദ്ദേഹം അതു ചെയ്തു എന്നും ബ്രദർ യാക്കോബ് കണിയാന്തറ അദ്ദേഹത്തിന്റെ നാളാഗമങ്ങളിൽ കുറിച്ചിട്ടതു പുസ്തകരൂപത്തിൽ പ്രസിദ്ധികരിച്ചതിന്റെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ ലഭ്യമാണ്. തെക്കേടത്ത് കോരപ്പണിക്കർ, ശങ്കരപുരി കുടുംബത്തിലെ പ്രതിഭ, ഏതാണ്ട് 1835 ഓടുകൂടി കർത്താവിൽ നിദ്ര പ്രാപിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ കുര്യേപ്പ് ചേർപ്പുങ്കലിലേക്ക് വ്യവസായസംബന്ധമായി മാറി താമസിക്കുകയും മഞ്ഞനാനിക്കൽ കുടുംബത്തിനു തുടക്കം കുറിക്കുകയും ചെയ്തു.
അവലംബം :
1. മഞ്ഞനാനിക്കൽ കുടുംബ ചരിത്രം.
2. ബ്ര. യാക്കോബ് കണിയാന്ത്ര - അറിയപ്പെടാത്ത കർമയോഗി ( മാന്നാനം പളളിയിൽ ഇദ്ദേഹത്തിന്റെ കല്ലറ വി. ചവറയച്ചന്റെ കല്ലറയുടെ ഇടതു ഭാഗത്ത് ഉണ്ട്.)
3. ശങ്കരപുരി തെക്കേടത്തു കുടുംബ ചരിത്ര ഡയറക്ടറി 1987.
തെക്കേടത്തു കോരപ്പണിക്കരുടെ വംശവലി
കോരപ്പണിക്കർക്കു നാല് ആൺമക്കൾ ഉണ്ടായിരുന്നു - പോത്തൻ, ഇട്ടിച്ചെറിയ, അവുസേപ്പ, ഇട്ടിഅവിര. പെണ്മക്കളുടെ വിവരങ്ങൾ അറിവില്ല. കോരപ്പണിക്കരുടെ മൂത്ത പുത്രൻ പോത്തൻ അങ്ങാടിയിൽ തന്നെയുള്ള പ്ലാത്തോട്ടം പുരയിടത്തിൽ താമസമാക്കി. പോത്തന്റെ സന്തതിപരമ്പരയിൽ പ്ലാത്തോട്ടം, കാരിമറ്റം, മുതലായ വീട്ടുപേരുകളിൽ നൂറിൽ അധികം കുടുംബങ്ങൾ ഉണ്ട് .
കോരപ്പണിക്കരുടെ രണ്ടാമത്തെ പുത്രൻ ഇട്ടിച്ചെറിയ ആദ്ധ്യൽമികകാര്യങ്ങളിൽ തല്പരനും അവിവാഹിതനുമായിരുന്നു. ഇദ്ദേഹത്തെയാണ് മാന്നാനം കൊവേന്തയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കോരപ്പണിക്കർ ചുമത്തപ്പെടുത്തിയതു.
കോരപണിക്കരുടെ മൂന്നാമത്തെ മകൻ അവുസേപ്പ് മുടിയൂർക്കരയിലുള്ള കരിങ്ങണാമറ്റം പുരയിടത്തിലേക്ക് മാറി താമസിച്ചു. അവുസേപ്പിന്റെ സന്തതി പരമ്പരയിൽ കരിങ്ങണാമറ്റം, മറ്റം, കിളിയമ്പ്ര, മണ്ണാകുന്നേൽ മുതലായ വീടുപേരുകളിൽ നൂറിലധികം വിടുകൾ ഉണ്ട്.
കോരപ്പണിക്കരുടെ ഇളയ പുത്രൻ ഇട്ടിഅവിര, പണിക്കരിടത്തു തന്നെ താമസമാക്കി. അവിരായുടെ സന്തതിപരമ്പരയിൽ പണിക്കരിടം, ചെട്ടിശ്ശേരി, കിഴക്കേ തയ്യിൽ, കുഴിപ്പറമ്പിൽ, കിഴക്കേപ്പറമ്പിൽ, പൂത്തറ മുതലായ വീട്ടുപേരുകളിൽ നൂറിൽ അധികം കുടുംബങ്ങൾ ഉണ്ട്.
ഇന്ന് കോരപ്പണിക്കരുടെ 5, 6, 7, 8, 9 തലമുറകളിൽ പെട്ടവരിൽ കൂടുതൽ പേരും ആർപ്പുക്കര, മുടിയൂക്കര, അടിച്ചിറ, മാന്നാനം പ്രദേശങ്ങളിൽ വസിക്കുന്നു. മറ്റു ചിലർ ഇടുക്കിയിലും, പാലക്കാട്ടും, കോഴിക്കോട്ടും, കണ്ണുരും വയനാട്ടിലും വസിക്കുന്നു. അടുത്ത നാളുകളായി ചിലർ വിദേശത്തും വാസമുറപ്പിച്ചു.
പൂർവ്വികരുടെ പേരുകൾ തിരുവനന്തപുരം സെൻട്രൽ ആർ കൈവിൽ സൂക്ഷിച്ചിട്ടുള്ള 1837 ൽ നടത്തിയ താലിയോല രേഖകളുടെയും 1905 ലെ സെറ്റിൽമെന്റ് രജിസ്റ്ററിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിട്ടുള്ളതാണ്.
സംഗീതവും ക്രൈസ്തവ പശ്ചാത്തലവും
നസ്രാണികളായ (സിറിയൻ ക്രിസ്ത്യാനികൾ) പൂർവ്വികർ നാദസ്വരം പോലൊരു വാദ്യം നെഞ്ചേറ്റിയത് കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയായാണ്. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ശേഷവും താലി കെട്ട്, മന്ത്രകോടി തുടങ്ങിയ പ്രാദേശികമായ ആചാരങ്ങൾ അവർ മുറുകെ പിടിച്ചിരുന്നു, നാദസ്വരവും അത്തരമൊരു സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. പല ദേവാലയങ്ങളുടെ പരിസരത്തു ഇന്നും സ്ഥിതി ചെയ്യുന്ന വാദ്യപ്പുരകൾ ദേവാലയങ്ങളിലെ ഇന്നലകളിലെ സംഗീതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചരിത്ര സ്മാരകങ്ങളാണ്. കുറവില്ലങ്ങാട്ടേയും ളാലത്തെയും പള്ളികളിലെ വാദ്യപ്പുരകൾ ഇതിന്റെ ഉദാഹരങ്ങൾ ആണ്.
ക്രൈസ്തവ പശ്ചാത്തലത്തിൽ നാദസ്വരത്തിന്റെ ഉപയോഗം ഇപ്രകാരമായിരുന്നു: പള്ളി പെരുന്നാളുകളിലെ പ്രദക്ഷിണങ്ങളിൽ വിശുദ്ധരുടെയോ മാതാവിന്റെയോ രൂപങ്ങൾ വഹിച്ചു കൊണ്ടുപോകുമ്പോൾ നാദസ്വരവും തവിലും അകമ്പടിയായി വായിച്ചിരുന്നു. നാദസ്വരം ഒരിക്കലും വിശുദ്ധ കുർബാനയുടെ ഭാഗമായി പള്ളിക്കുള്ളിൽ ഉപയോഗിച്ചിരുന്നില്ല, മറിച്ച് പുറത്തുള്ള പ്രദക്ഷിണങ്ങളിലും ആഘോഷങ്ങളിലുമാണ് വായിച്ചിരുന്നത്.
തിരുവിതാംകൂറിലെ പഴയ സിറിയൻ ക്രിസ്ത്യൻ കുടുംബങ്ങളിലെ വിവാഹ ഘോഷയാത്രകളിൽ നാദസ്വരം ഒരു അവിഭാജ്യ ഘടകമായിരുന്നു.
ഇത് ഒരു മതപരമായ (Doctrinal) ഉപകരണമായല്ല, മറിച്ച് ആഘോഷങ്ങളെയും സന്തോഷത്തെയും വിളിച്ചോതുന്ന ഒരു പ്രാദേശിക സാംസ്കാരിക ഉപകരണമായാണ് കണ്ടിരുന്നത്. അതിനാൽ സഭയിൽ ഇത് വലിയ തോതിൽ സ്വീകരിക്കപ്പെടുകയും ചെയ്തു.നാദസ്വരം പരമ്പരാഗതമായി ആച്ച മരം (Indian Blackwood) ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വായുവിന്റെ കടുത്ത സമ്മർദ്ദത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഈ മരം മികച്ച ശബ്ദഗാംഭീര്യം നൽകുന്നു. സാധാരണയായി തവിൽ എന്ന ശക്തമായ വാദ്യോപകരണത്തോടൊപ്പമാണ് (Ensemble) ഇത് വായിക്കുന്നത്.
എങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. 1950-കൾ മുതൽ പള്ളി പെരുന്നാളുകളിൽ പാശ്ചാത്യ ബാൻഡുകൾ (Western Brass Bands) പ്രചാരത്തിലായി. ട്രംപറ്റും ക്ലാരിനറ്റും ഡ്രംസും നാദസ്വരത്തിന്റെ സ്ഥാനം കൈക്കലാക്കി.
പണിക്കരിടം കുടുംബവും സംഗീത പാരമ്പര്യവും
തലമുറകളിലൂടെ കൈമാറിയ സംഗീത വാസന കോര പണിക്കരുടെ സംഗീത പ്രതിഭ അദ്ദേഹത്തിന്റെ പുത്രന്മാരിലൂടെയും പൗത്രന്മാരിലൂടെയും ഏഴ് തലമുറകളോളം പടർന്നുപന്തലിച്ചു. കുടുംബത്തിലെ പ്രമുഖരായ ചില സംഗീതജ്ഞർ ഇവരാണ്:
മൂന്നാം തലമുറ: അപ്പായിച്ചൻ (പ്ലാത്തോട്ടത്തിൽ പോത്തൻ), അദ്ദേഹത്തിന്റെ പുത്രന്മാരായ കുഞ്ഞാക്കോ, പോത്തൻ, ഇത്താപ്പ്.
നാലാം തലമുറ: കിഴക്കേപറമ്പിൽ പീലിപ്പോസ് ഔസേപ്പ്.
അഞ്ചാം തലമുറ: കിഴക്കേപറമ്പിൽ കുര്യൻ, കുഴിപ്പറമ്പിൽ വക്കച്ചൻ, ജോസഫ്, തോമസ്, പണിക്കരിടത്ത് വർക്കി.
ഏഴാം തലമുറ: പ്ലാത്തോട്ടത്തിൽ ഗൗതം വിൻസെന്റ്.
ഈ തലമുറകളിലെ പലരും പ്രൊഫഷണൽ സംഗീതജ്ഞരായി തിരുവിതാംകൂറിന്റെ സംഗീത ഭൂമികയിൽ സജീവ സാന്നിധ്യമായിരുന്നു.
പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ഈ കുടുംബാംഗങ്ങൾ നിരവധി സംഗീത സംഘങ്ങൾ (ബാൻഡുകൾ) രൂപീകരിച്ചു. അക്കാലത്ത് തിരുവിതാംകൂറിലുണ്ടായിരുന്ന പ്രധാനപ്പെട്ട നാല് സംഗീത സംഘങ്ങൾ ആർപ്പൂക്കര, മാന്നാനം, ചങ്ങനാശ്ശേരി, ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളവയായിരുന്നു.
സെന്റ് മേരീസ് ബാൻഡ് സെറ്റ്, അർപ്പൂക്കര
1923-ൽ കിഴക്കേപറമ്പിൽ പീലിപ്പോസ് ഔസേപ്പ് പത്ത് അംഗങ്ങളുമായി ഇത് സ്ഥാപിച്ചു. പ്ലാത്തോട്ടത്തിൽ പോത്തൻ, ഇത്താപ്പ്, കിഴക്കേപറമ്പിൽ ഔസേപ്പ് പീലിപ്പോസ് എന്നിവരായിരുന്നു ഇതിലെ പ്രധാനികൾ. 1935 മുതൽ 1942 വരെയുള്ള കാലഘട്ടം ഈ സംഘത്തിന്റെ സുവർണ്ണകാലമായിരുന്നു.
പി. കെ. ബ്രദേഴ്സ് (P K Brothers)
പണിക്കരിടം കുടുംബത്തിലെ യുവാക്കൾ (കിഴക്കേപറമ്പിൽ കുര്യൻ, കുഴിപ്പറമ്പിൽ തോമസ്, വക്കച്ചൻ, ജോസഫ്, പണിക്കരിടത്ത് വർക്കി എന്നിവർ) ചേർന്ന് രൂപീകരിച്ച ഈ സംഘം പിന്നീട് വലിയ പ്രശസ്തി നേടുകയും തിരുവിതാംകൂറിലും മദ്രാസ് പ്രസിഡൻസിയിലും നിരവധി കച്ചേരികൾ നടത്തുകയും ചെയ്തിരുന്നു.
ഈ ബാൻഡുകൾ തങ്ങളുടെ സ്വന്തം ഇടവകയായ കുടമാളൂർ സെന്റ് മേരീസ് പള്ളിക്ക് പുറമെ ചമ്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ പഴവങ്ങാടി, കോട്ടയം, പാലാ, കുറവിലങ്ങാട്, വെച്ചൂർ, കടുത്തുരുത്തി, അതിരമ്പുഴ തുടങ്ങിയ ദൂരദേശങ്ങളിലുള്ള പള്ളികളിലെ പെരുന്നാളുകളിലും സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് അവർ വള്ളങ്ങളിലാണ് ഉപകരണങ്ങളുമായി യാത്ര ചെയ്തിരുന്നത്. പള്ളികളിലെ കൊടിയേറ്റ് മുതൽ കൊടിയിറക്ക് വരെയുള്ള 10-11 ദിവസങ്ങൾ അവർ അവിടെ താമസിച്ച് സംഗീതം അവതരിപ്പിക്കാറുണ്ടായിരുന്നു.